വത്തിക്കാൻ സിറ്റി: സ്വന്തം ശക്തിയെ നന്മയിലേക്ക് തിരിക്കാൻ ധൈര്യമില്ലാത്ത എല്ലാ ക്രിസ്ത്യാനികളും ഉപയോഗ ശൂന്യമായ ക്രിസ്ത്യാനികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ പത്താം തീയതി സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പൊതു സദസിനിടയിലാണ് പാപ്പ ഇപ്രകാരം വെളിപ്പെടുത്തിയത്.
ധൈര്യത്തോടെ ജീവിക്കാനും ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ പ്രക്ഷുബ്ധതകളെ അഭിമുഖീകരിക്കാനുമുള്ള കഴിവ് ഒരു ക്രൈസ്തവന് വേണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. മനക്കരുത്ത് എന്നത് നമുക്കെതിരെയുള്ള വിജയമാണ്. നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന മിക്ക ഭയങ്ങളും യാഥാർത്ഥ്യബോധമില്ലാത്തതും യാഥാർത്ഥ്യമാകാത്തതുമാണെന്ന് പാപ്പ വെളിപ്പെടുത്തി. അതിനാൽ പരിശുദ്ധാത്മാവിനെ വിളിച്ച് ക്ഷമയോടെ എല്ലാം നേരിടുന്നതാണ് നല്ലത്.
യുദ്ധം പട്ടിണി അടിമത്തം അടിച്ചമർത്തൽ തുടങ്ങിയ തിന്മകൾക്കെതിരെ പോരാടാൻ ഈ ധൈര്യം ആവശ്യമാണ്. നാം അവനിൽ ആശ്രയിക്കുകയും ആത്മാർത്ഥമായി നന്മ അന്വേഷിക്കുകയും ചെയ്താൽ കർത്താവ് നമ്മോടൊപ്പമുണ്ടെന്ന് പാപ്പ പറഞ്ഞു. വലിയ വെള്ളപ്പൊക്കത്തെത്തുടർന്ന് യുറൽ പർവതനിരകൾക്ക് സമീപം ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ച കസാക്കിസ്ഥാനിലെ ജനങ്ങളോടുള്ള അടുപ്പവും ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചു.