'വിവരങ്ങള്‍ പൊതുമധ്യത്തില്‍ ഉണ്ട്'; വിവരാവകാശ നിയമപ്രകാരം ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് എസ്.ബി.ഐ

'വിവരങ്ങള്‍ പൊതുമധ്യത്തില്‍ ഉണ്ട്'; വിവരാവകാശ നിയമപ്രകാരം ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് എസ്.ബി.ഐ

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് എസ്.ബി.ഐ. ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുമധ്യത്തില്‍ ഉണ്ടെന്നുമാണ് എസ്.ബി.ഐയുടെ നിലപാട്. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമീഷന് കൈമാറുകയും തുടര്‍ന്ന് കമീഷന്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബാത്രയാണ് ബോണ്ടിന്റെ വിവരങ്ങള്‍ തേടി എസ്.ബി.ഐയെ സമീപിച്ചത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പ് കമീഷന് നല്‍കിയ മാതൃകയില്‍ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാനായിരുന്നു ബാത്ര അപേക്ഷ നല്‍കിയത്. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇത് നല്‍കാനാവില്ലെന്നായിരുന്നു എസ്.ബി.ഐ നിലപാട്. പൊതുമധ്യത്തില്‍ വിവരങ്ങള്‍ ഉണ്ടെന്നും എസ്.ബി.ഐ അറിയിച്ചിരുന്നു.

എസ്.ബി.ഐ നേരത്തെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതിയോട് കൂടുതല്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ എസ്.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി.

വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്.ബി.ഐ വാദം. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് എസ്.ബി.ഐ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന് നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.