ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചുവെന്ന് മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു.
പല പദവികളിലും ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നില്ല. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഓരോ കാരണം പറഞ്ഞ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയാണ്. ഇത് എഎപിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും അതിഷി മര്‍ലേന ആരോപിച്ചു.
അതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് മോഡി പറഞ്ഞു. ഡല്‍ഡി മുഖ്യമന്ത്രിയുടെ അറസ്റ്റ് വേട്ടയാടലാണെന്നാരോപിച്ച് പ്രതിപക്ഷം പ്രചാരണം ശക്തമാക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം.
അതേസമയം കെജരിവാളിനെതിരെയും കെ. കവിതയ്‌ക്കെതിരെയും നിര്‍ണായക തെളിവുണ്ടെന്ന് സിബിഐ ഇന്ന് കോടതിയെ അറിയിച്ചു. മദ്യനയ കേസില്‍ തീഹാര്‍ ജയിലിലെത്തി ഇന്നലെ അറസ്റ്റ് ചെയ്ത കെ. കവിതയെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കെജരിവാളിനെതിരെയും തെളിവുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചത്.
സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യവസായി കെജരിവാളിനെ നേരില്‍ കണ്ട് സഹായം ചോദിച്ചെന്നും കെജരിവാള്‍ സഹായം വാഗ്ദാനം ചെയ്‌തെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. മദ്യനയ കേസില്‍ സിബിഐയും കെജരിവാളിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി.
കവിതയുടെ പങ്ക് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ സിബിഐ കോടതിയില്‍ ഹാജരാക്കി. കവിതയ്ക്ക് മദ്യനയ അഴിമതി ഗൂഢാലോചനയില്‍ പ്രധാന പങ്കുണ്ടെന്നും ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.