ന്യൂഡല്‍ഹി: ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിറുത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ന്യൂഡല്‍ഹിക്കും ടെല്‍ അവീവിനുമിടയില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തിയിരുന്നത്.
ഇസ്രയേല്‍-ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിറുത്തി വച്ചിരുന്ന സര്‍വീസുകള്‍ മാര്‍ച്ച് മൂന്നിനാണ് എയര്‍ ഇന്ത്യ പുനരാരംഭിച്ചത്. അതേസമയം ഇസ്രയേലിലെ എല്ലാ ഇന്ത്യന്‍ പൗരന്‍മാരും ജാഗ്രത പാലിക്കാനും അധികൃതര്‍ നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടിയന്തര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പരും എംബസി പുറത്തിറക്കി. +972-547520711, +972-543278392 എന്നീ നമ്പരുകളിലും [email protected] എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള വ്യോമ ഗതാഗതം നിറുത്തിവച്ചിട്ടുണ്ട്. ടെല്‍ അവീവ്, എര്‍ബില്‍, അമാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഓസ്ട്രിയന്‍ എയര്‍ലൈന്‍സും നിറുത്തി വച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സും ചില വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് വിവരം.