ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം; ചീഫ് ജസ്റ്റിന് കത്തയച്ച് 21 മുന്‍ ജഡ്ജിമാര്‍

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം; ചീഫ് ജസ്റ്റിന് കത്തയച്ച് 21 മുന്‍ ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 21 മുന്‍ ജഡ്ജിമാരുടെ കത്ത്.

സമ്മര്‍ദം ചെലുത്തിയും തെറ്റായ വിവരങ്ങളിലൂടെയും അവഹേളനത്തിലൂടെയും ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സുപ്രിം കോടതിയിലെ വിരമിച്ച നാല് ജഡ്ജിമാരും 17 മുന്‍ ഹൈക്കോടതി ജഡ്ജിമാരുമാണ് കത്തെഴുതിയത്.

സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളും വ്യക്തിപരമായ നേട്ടങ്ങളും ലക്ഷ്യമാക്കിയുള്ള ഇടപെടല്‍ വഴി നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമം. ഇത്തരം നടപടികള്‍ ജുഡീഷ്യറിയുടെ പവിത്രത തകര്‍ക്കുക മാത്രമല്ല, നിയമത്തിന്റെ സംരക്ഷകരെന്ന നിലയില്‍ ന്യായാധിപന്മാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യം ചെയ്ത മൂല്യങ്ങള്‍ക്ക് വെല്ലുവിളി കൂടിയാണ്. ഇതില്‍ ഉത്കണ്ഠയുണ്ട്.

നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ദോഷകരമാണിത്. ജുഡീഷ്യറിയുടെ സത്തയെയും നിയമവാഴ്ചയെയും തുരങ്കം വയ്ക്കുന്ന നീക്കങ്ങളാണ് ചില വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം സമ്മര്‍ദങ്ങളെ ചെറുക്കുകയും നിയമവ്യവസ്ഥയുടെ പവിത്രതയും സ്വയംഭരണവും സംരക്ഷിക്കപ്പെടുമെന്ന് ന്യായാധിപന്മാര്‍ ഉറപ്പുവരുത്തണമെന്ന് ജഡ്ജിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ നെടുംതൂണായി ജുഡീഷ്യറി നിലനില്‍ക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണ്. അന്തസും സമഗ്രതയും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഏത് വിധത്തിലും പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിന് അയച്ച കത്തില്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.