ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രയേലിന് നേരെ വ്യോമാക്രമണം നടത്തുന്നതിന് രണ്ട് മണിക്കൂര്‍ മാത്രം മുമ്പാണ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമാതിര്‍ത്തിയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ കടന്നു പോയതെന്ന് റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്
എയര്‍ ഇന്ത്യ വിമാനങ്ങളായ 116, 131 എന്നിവയാണ് ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്ളൈറ്റ് റഡാര്‍ 24 വെബ്സൈറ്റ് വഴിയുള്ള വിവരങ്ങള്‍ പ്രകാരം 116 വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്കും 131 മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുമുള്ള യാത്രയിലായിരുന്നു.
അതേസമയം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കുമില്ലെന്നും എയര്‍ ഇന്ത്യയുടെ വക്താവ് പ്രതികരിച്ചു. എയര്‍ ഇന്ത്യയ്ക്ക് പുറമേ മലേഷ്യ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ കടന്നു പോയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഇറാന്‍ ഇസ്രായേലിനു നേരെ വ്യോമാക്രമണം നടത്തിയത്. മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമാണ് തൊടുത്തത്. 170 ഡ്രോണുകള്‍, 30 ക്രൂസ് മിസൈലുകള്‍, 120 ബാലിസ്റ്റിക് മിസൈലുകള്‍ എന്നതാണ് കൃത്യമായ കണക്കെന്ന് ഇസ്രയേല്‍ സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.