ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേ നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍. മോഡിയുടെ പടം റിലീസാകില്ല, ട്രെയ്‌ലര്‍ ഇത്ര മോശമെങ്കില്‍ പടത്തിന്റെ അവസ്ഥ എന്താകുമെന്നും സ്റ്റാലിന്‍ പരിഹസിച്ചു.
തമിഴ്‌നാട്ടില്‍ ഇക്കുറി അക്കൗണ്ട് തുറക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. ഇതിനായി കാര്യമായ പ്രവര്‍ത്തനങ്ങളാണ് കോയമ്പത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ നടക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ആത്മവിശ്വാസം ഉറപ്പിച്ച് സ്റ്റാലിന്റെ പരിഹാസം.
നാല്‍പതില്‍ നാല്‍പത് സീറ്റും തങ്ങള്‍ നേടുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നാല്‍പത് മണ്ഡലങ്ങളിലും സ്റ്റാലിന്‍ ആണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി അധ്വാനിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തിട്ടുണ്ട്. അടിമത്തത്തിന്റെ നൂറ്റാണ്ടിലേക്ക് നമ്മുടെ നാട് തിരിച്ചു പോകരുതെന്നും അണ്ണാ ഡിഎംകെ ബിജെപിയുടെ ബി ടീമെന്നും സ്റ്റാലിന്‍.
അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിക്കെതിരെയും സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും എടപ്പാടിക്ക് അറിയില്ലെന്നും പിന്നില്‍ നിന്ന് കുത്തുന്നതാണ് എടപ്പാടിയുടെ ചരിത്രമെന്നും സ്റ്റാലിന്‍ പറഞ്ഞു.