തിരഞ്ഞെടുപ്പ് ദിവസം ഡെലിവറി ഉറപ്പാക്കുമെന്ന് വാഗ്ദാനം; ഫ്‌ളിപ്കാര്‍ട്ടിനും ബിഗ് ബാസ്‌ക്കറ്റിനുമെതിരെ പരാതി

 തിരഞ്ഞെടുപ്പ് ദിവസം ഡെലിവറി ഉറപ്പാക്കുമെന്ന് വാഗ്ദാനം; ഫ്‌ളിപ്കാര്‍ട്ടിനും ബിഗ് ബാസ്‌ക്കറ്റിനുമെതിരെ പരാതി

ചെന്നൈ: തിരഞ്ഞെടുപ്പ് ദിവസം ഡെലിവറി ബോയ്‌സിന് അവധി നല്‍കുന്നില്ലെന്ന് കാണിച്ച് ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ടിനും ടാറ്റ ഗ്രൂപ്പിന്റെ ബിഗ് ബാസ്‌ക്കറ്റിനുമെതിരെ പരാതി. മദ്രാസ് ഹൈക്കോടതി അഭിഭാഷകന്‍ കെ. നരസിംഹനാണ് ബുധനാഴ്ച തമിഴ്നാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി. കോതി നിര്‍മലസാമിക്ക് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 19 ന് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടും അന്നേ ദിവസം ഓര്‍ഡര്‍ ഡെലിവറി ഉറപ്പാക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ടും ബിഗ്ബാസ്‌കറ്റും വാഗ്ദാനം ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1881 ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് സെക്ഷന്‍ 25 പ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാന്‍ ഏപ്രില്‍ 19 ന് ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഐ.ടി കമ്പനികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും തമിഴ്നാട്ടിലെ തൊഴില്‍ ക്ഷേമ, നൈപുണ്യ വികസന വകുപ്പ് ഏപ്രില്‍ 19 ന് ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്നും നരസിംഹന്‍ വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു. യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി നല്‍കും. കൂടാതെ ബോധവത്കരണം നടത്താനും ജീവനക്കാരെ വോട്ടുചെയ്യാന്‍ പ്രോത്സാഹിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഫ്‌ളിപ്കാര്‍ട്ട് വക്താവ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.