ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര ബജറ്റിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷകരുമായി സമവായത്തിലെത്തിയിട്ടില്ല. എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവര്‍ത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും മോഡി വ്യക്തമാക്കി.
സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദ്യോപധ്യേയ്, ശിവസേന നേതാവ് വിനായക് റൗത്ത് എന്നിവര്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതേസമയം ജെഡിയു നിയമങ്ങളെ പിന്തുണച്ചു.
ഇതിനിടെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് എതിരെയുള്ള നടപടി ഡല്‍ഹി പൊലീസ് ശക്തമാക്കി. സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. സമര വേദികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയാനാണ് നടപടി.