വാഷിങ്ടൺ ഡിസി: ഈ വർഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്കിന്റെ സ്പേസ് എക്സ്. യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്ന് ഒരേ സമയം 23 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് ഫാൽക്കൺ 9 ന്റെ ചിറകിലേറി കുതിച്ചുയർന്നത്.
ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യത്തെ ഘട്ടം വിക്ഷേപണത്തിന് 8.5 മിനിറ്റിന് ശേഷം ഭൂമിയിൽ തിരികെയെത്തി. അറ്റാലാന്റിക് സമുദ്രത്തിൽ നിലയുറപ്പിച്ച ‘എ ഷോർട്ട്ഫോൾ ഓഫ് ഗ്രാവിറ്റിസ്’ എന്ന ഡ്രോൺഷിപ്പിലാണ് ലാൻഡ് ചെയ്തത്. റോക്കറ്റിന്റെ മുകളിലത്തെ ഘട്ടം, ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി സജ്ജമാണ്. വിക്ഷേപണത്തിന് 65 മിനിറ്റിന് ശേഷമാണ് ഇവ വിന്യസിക്കുക.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയാണ് സ്റ്റാർലിങ്ക്. സാധാരണ ഇന്റർനെറ്റ് സേവനം ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയും കോക്സിയൽ കേബിളുകളിലൂടെയുമാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതെങ്കിൽ സ്റ്റാർലിങ്ക് കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്നത്.
ഭ്രമണപഥത്തിൽ ഇതുവരെ 5,504 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുണ്ടെന്നും അവയിൽ 5,442 ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാണെന്നുമാണ് 2024 മാർച്ചിലെ വിവരം. ഭൂമിയിൽ നിന്നും 550 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ. സ്‌പേസ് എക്‌സിന്റെ റോക്കറ്റുകളാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നത്.