ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ജയിലിലായ ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. പുരകായസ്തയുടെ റിമാന്‍ഡ് നിയമ വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുന്ന സമയത്ത് അതിനുള്ള കാരണം പ്രബീര്‍ പുരകായസ്തയെ അറിയിച്ചില്ല. അതിനാല്‍ യുഎപിഎ ചുമത്തിയുള്ള ഡല്‍ഹി പൊലീസിന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞു.
അറസ്റ്റിന്റെ നടപടി ക്രമങ്ങള്‍ ഡല്‍ഹി പോലീസ് പാലിച്ചില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്. ചൈന അനുകൂല പ്രചാരണത്തിനായി പണം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് യുഎപിഎ ചുമത്തി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയ്ക്ക് എതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചൈനയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കുമെതിരെ പെയ്ഡ് വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചൈനീസ് സര്‍ക്കാരിന്റെ നയങ്ങളെയും പദ്ധതികളെയും അനുകൂലിച്ചു. ചൈനീസ് ടെലികോം കമ്പനികള്‍ക്ക് എതിരായ കേസുകളില്‍ നിയമ സഹായം നല്‍കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിച്ചു. ഇവര്‍ക്ക് ടെലികോം കമ്പനികളുടെ സഹായം ലഭിച്ചു എന്നും പ്രബീര്‍ പുരകായസ്തക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് ആരോപിച്ചിരുന്നു.
വിദേശത്ത് നിന്ന് ലഭിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് കര്‍ഷക സമരത്തെ പിന്തുണച്ച് അവശ്യ സാധനങ്ങളുടെ വിതരണം തടസപെടുത്താന്‍ ശ്രമിച്ചു. ഇതിനായി വിദേശ ശക്തികളുമായി സഖ്യത്തില്‍ പ്രവര്‍ത്തിച്ചു. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കോടികളുടെ നഷ്ടം ഉണ്ടാക്കുകയും ആയിരുന്നു ഈ സഖ്യത്തിന്റെ ലക്ഷ്യം.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് എതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. രാജ്യവിരുദ്ധ ശക്തികളുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം എന്നും എഫ്‌ഐആറില്‍ പറയുന്നു.