വിദേശ യാത്ര വെട്ടിച്ചുരുക്കി; മുഖ്യമന്ത്രി മെയ് 20 ന് കേരളത്തില്‍ മടങ്ങിയെത്തും

വിദേശ യാത്ര വെട്ടിച്ചുരുക്കി;  മുഖ്യമന്ത്രി മെയ് 20 ന് കേരളത്തില്‍ മടങ്ങിയെത്തും

കൊച്ചി: സിങ്കപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ദുബായില്‍ എത്തി. നേരത്തേ നിശ്ചയിച്ചതിലും രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി കേരളത്തിലെത്തും. 22 ന് മടങ്ങാന്‍ ആയിരുന്നു മുന്‍ തീരുമാനം. എന്നാല്‍ 20 ന് കേരളത്തില്‍ എത്തുമെന്ന് ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭ സമ്മേളനം ചേരുന്ന തിയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിന് ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വിന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല.

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് തിരഞ്ഞെടുപ്പ് കാലത്ത് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് പോകാതെയാണ് സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി വിദേശത്ത് പോയത്. ബിജെപിയെ പേടിച്ചാണോ പ്രചാരണത്തിന് ഇറങ്ങാത്തതെന്നും സതീശന്‍ ചോദിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.