രാജ്യസഭാ സീറ്റിന് അവകാശ വാദവുമായി എന്‍.സി.പിയും; ഒരു സീറ്റിന് ഇടതു മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ രംഗത്ത്

രാജ്യസഭാ സീറ്റിന് അവകാശ വാദവുമായി എന്‍.സി.പിയും; ഒരു സീറ്റിന് ഇടതു മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ രംഗത്ത്

കോഴിക്കോട്: അവകാശ വാദവുമായി എന്‍സിപിയും രംഗത്തെത്തിയതോടെ രാജ്യസഭാ സീറ്റിന് വിഷയം ഇടതു മുന്നണിക്ക് കൂടുതല്‍ തലവേദനയാകുന്നു. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന് എന്‍സിപി നേതാവും വനം മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

മുന്നണിയില്‍ ഏത് പാര്‍ട്ടിയേയും പോലെ എന്‍സിപി്ക്കും സീറ്റിന് അവകാശമുണ്ട്. ഇക്കാര്യം അടുത്ത യോഗത്തില്‍ അറിയിക്കും. മുന്നണിയില്‍ ചര്‍ച്ച ചെയ്‌തെടുക്കുന്ന തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകും. സീറ്റ് കിട്ടിയാല്‍ പി.സി ചാക്കോയെ മത്സരിപ്പിക്കാനാണ് നീക്കമെങ്കിലും ഇക്കാര്യത്തില്‍ സീറ്റില്‍ ധാരണയായ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

സിപിഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. ഒഴിവു വരുന്ന സീറ്റുകളിലൊന്ന് ജോസ് കെ. മാണിക്ക് തന്നെ നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. സിപിഐയും സീറ്റില്‍ അവകാശമുന്നയിച്ച് രംഗത്തുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.