സിദ്ധാര്‍ഥിന്റെ മരണം; നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

 സിദ്ധാര്‍ഥിന്റെ മരണം; നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ വി.കെ ബിന്ദുവിനാണ് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയത്. തുറമുഖ വകുപ്പില്‍ ആണ് പുതിയ നിയമനം.

സിദ്ധാര്‍ഥിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് കൈമാറാത്തതില്‍ വീഴ്ച വരുത്തിയതിന് ബിന്ദു അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകള്‍ കേന്ദ്രത്തിലേക്ക് അയക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു മൂന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്പെന്‍ഷന്‍ നടപടിയിലൂടെ വിവാദങ്ങളില്‍ നിന്ന് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സിദ്ധാര്‍ഥിന്റെ കുടുംബം അടക്കം ആരോപിച്ചിരുന്നു.
കാലതാമസത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥരോട് പ്രതികരണം തേടിയിരുന്നു. മറുപടിയില്‍ തൃപ്തരാകാത്ത സാഹചര്യത്തിലാണ് ഒരു ഡെപ്യൂട്ടി സെക്രട്ടറിയെയും സെക്ഷന്‍ ഓഫീസറെയും സഹായിയെയും സസ്‌പെന്‍ഡ് ചെയ്തത്. കേസിന്റെ വിജ്ഞാപനവും ചില രേഖകളും മാര്‍ച്ച് ഒന്‍പതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.