ആളുകളെ ഇറാനിലെത്തിച്ച് അവയവമെടുത്ത് വന്‍ തുകയ്ക്ക് വില്‍ക്കും; അന്താരാഷ്ട്ര അവയവ കടത്ത് സംഘാംഗമായ തൃശൂര്‍ സ്വദേശി പിടിയില്‍

ആളുകളെ ഇറാനിലെത്തിച്ച്  അവയവമെടുത്ത് വന്‍ തുകയ്ക്ക് വില്‍ക്കും; അന്താരാഷ്ട്ര അവയവ കടത്ത് സംഘാംഗമായ തൃശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ മുഖ്യ കണ്ണി നെടുമ്പാശേരിയില്‍ അറസ്റ്റില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് പിടിയിലായത്. അവയവക്കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് ഇയാളെ പിടികൂടിയത്.

അവയവക്കടത്തിന് ഇറാനിലേക്കാണ് ഇയാള്‍ ആളുകളെ കൊണ്ടുപോയിരുന്നത്. അവിടത്തെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നിരുന്നതെന്നാണ് കണ്ടെത്തല്‍. വൃക്ക കച്ചവടമാണ് സബിത്ത് നടത്തിയിരുന്നത്.

ചെറിയ തുക നല്‍കി ആളുകളെ ഇറാനിലെത്തിക്കും. ശേഷം അവയവമെടുത്ത് വന്‍ തുകയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം ചെയ്തിരുന്നത്. സബിത്ത് നിരവധി പേരെ ഇറാനിലെത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

വലിയ തുക നല്‍കാമെന്നാണ് ആദ്യം ഇയാള്‍ ആളുകളോട് പറഞ്ഞിരുന്നത്. ഇറാനിലെത്തി അവയവം കവര്‍ന്ന ശേഷം തുച്ഛമായ പണം നല്‍കി തിരികെ എത്തിക്കുകയാണ് ചെയ്തിരുന്നത്. പ്രതിയുടെ ഫോണില്‍ നിന്ന് അവയവക്കടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

സബിത്ത് നാസറിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി പറഞ്ഞു. അവയവ മാഫിയയിലെ പ്രധാന കണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാനാകില്ലെന്ന് അദേഹം പ്രതികരിച്ചു.

സബിത്ത് നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം പാലക്കാട്ടേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.