ന്യൂഡല്‍ഹി: അനാവശ്യ വാണിജ്യകോളുകള്‍ തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കണമെന്നു ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായ്യോട് ഡല്‍ഹി ഹൈക്കോടതി. ട്രായ് 2018-ല്‍ കൊണ്ടുവന്ന ഈ നിയന്ത്രണം നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു- സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികളോടും ഹൈക്കോടതി നിര്‍ദേശിച്ചു.
ടെലികോം കമ്പനികള്‍ ഫിഷിങ് തടയുന്നില്ലെന്നു കാണിച്ച് പേടിഎം ഉടസ്ഥ കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഇന്റര്‍നെറ്റ്, ഫോണ്‍കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവയിലൂടെ ആളുകളെ ബന്ധപ്പെട്ട് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളാണ് ഫിഷിങ്. നിയന്ത്രണങ്ങള്‍ക്കു നിര്‍ദേശം നല്‍കി കോടതി ഹര്‍ജി തീര്‍പ്പാക്കി.