അമേരിക്കന്‍ തെരുവുകളില്‍ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ദിവ്യകാരുണ്യ തീര്‍ത്ഥാടനം

അമേരിക്കന്‍ തെരുവുകളില്‍ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ദിവ്യകാരുണ്യ തീര്‍ത്ഥാടനം

വാഷിങ്ടണ്‍ ഡി.സി: അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ ജൂലൈയില്‍ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നോടിയായി വാഷിങ്ടണ്‍ ഡി.സിയില്‍ ആയിരത്തിലധികം വിശ്വാസികള്‍ തീര്‍ത്ഥയാത്ര നടത്തി. ജപമാല രഹസ്യങ്ങള്‍ ചൊല്ലി, ദൈവവചനം പ്രഘോഷിച്ച്, ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അമേരിക്കന്‍ നഗരവീഥിയിലൂടെ നടത്തിയ യാത്ര വിശ്വാസപ്രഘോഷണത്തിന്റെ നേര്‍സാക്ഷ്യമായി മാറി. 1,200-ലധികം വിശ്വാസികളാണ് വാഷിങ്ടണ്‍ ഡി.സി.യിലെ ബ്രൂക്ക്ലാന്‍ഡ് തെരുവകളിലൂടെ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച് നടന്നത്.

വാഷിങ്ടണ്‍ ഡിസിയിലെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസിലിക്കയില്‍ നിന്നാണ് തീര്‍ത്ഥയാത്ര പുറപ്പെട്ടത്.



വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്ന ഘോഷയാത്ര ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയാണ് നടത്തിയത്. വീടുകളുടെയും ഷോപ്പിങ് മാളുകളുടെയും മുന്നിലൂടെ നീങ്ങിയ പ്രദക്ഷിണം കാണാന്‍ നിരവധി പേര്‍ കൂടിനിന്നിരുന്നു.

തീര്‍ത്ഥയാത്ര ആരംഭിക്കുന്നതിന് മുമ്പ് അമലോത്ഭവ ദേവാലയത്തിന്റെ ദേശീയ ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ 2,500-ലധികം വിശ്വാസികള്‍ പങ്കെടുത്തു.

രാജ്യത്തിന്റെ നാല് വ്യത്യസ്ത ദിക്കുകളില്‍നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍, ഇന്ത്യാനപോളിസില്‍ ജൂലൈ 17 മുതല്‍ 21 വരെ നടക്കുന്ന നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ് വേദിയിലാണ് സമാപിക്കുന്നത്. വെയിലും മഴയും അവഗണിച്ച് ആയിരത്തിലധികം മൈലുകള്‍ സഞ്ചരിക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്.

വിശുദ്ധ കുര്‍ബാനയില്‍ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ധാരണയും ഭക്തിയും വളര്‍ത്താനുള്ള അമേരിക്കന്‍ ബിഷപ്പുമാരുടെ ശ്രമത്തിന്റെ ഭാഗമായാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.