കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യം സേഫ്റ്റി റിവ്യൂ നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന് കേരളം. എന്നാല്‍ ബലപ്പെടുത്തല്‍ നടത്തിയ ശേഷം സേഫ്റ്റി റിവ്യൂ നടത്താമെന്ന് തമിഴ്നാട്. അണക്കെട്ട് സന്ദര്‍ശിച്ച ശേഷം ഇന്നലെ കുമളിയില്‍ നടന്ന മേല്‍നോട്ട സമിതി യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും നിലപാട് വ്യക്തമാക്കിയത്.
സേഫ്റ്റി റിവ്യൂ നടത്തുന്നതിനു മുമ്പ് ബലപ്പെടുത്തല്‍ നടത്തിയാല്‍, കാലപ്പഴക്കം മൂലമുള്ള ബലക്ഷയം തിരിച്ചറിയാന്‍ കഴിയില്ലെന്നു കേരളം അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ച വിശദമായ വിദഗ്ധ പരിശോധന വേണ്ടെന്ന് തമിഴ്നാട് നിലപാടെടുത്തു. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോള്‍ വേണ്ടതെന്നും അതിനോടു കേരളം സഹകരിക്കാത്തതു കോടതിയലക്ഷ്യമാണെന്നുമായിരുന്നു തമിഴ്നാടിന്റെ വാദം.
എന്നാല്‍, ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ക്കായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രാനുമതിക്കായി പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു തമിഴ്നാട് അനുമതി വാങ്ങണമെന്നും കേരളം നിര്‍ദേശിച്ചു.
ഇന്നലെയും ഇന്നുമാണു വിദഗ്ധസമിതി സന്ദര്‍ശനം ആലോചിച്ചിരുന്നതെങ്കിലും ഇരു സംസ്ഥാനങ്ങളും നിലപാടില്‍ ഉറച്ചുനിന്നതോടെ ഇന്നലെ തന്നെ സംഘം യോഗം നടത്തി മടങ്ങുകയായിരുന്നു. കഴിഞ്ഞ മാസം 28 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രായലവുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും കേന്ദ്രം തയാറായിരുന്നില്ല.
അതേസമയം, പുതിയ അണക്കെട്ടിനേപ്പറ്റിയുള്ള യാതൊരു ചര്‍ച്ചയും ഇന്നലെ ഉണ്ടായില്ലെന്നു ജലവിഭവ വൃത്തങ്ങള്‍ പറഞ്ഞു. ഡാമിന്റെ സേഫ്റ്റി റിവ്യൂ നടത്തിയ ശേഷം മാത്രമേ അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു സാധ്യതയുള്ളൂവെന്നും അവര്‍ അറിയിച്ചു. റിവ്യൂവില്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നു വ്യക്തമായാല്‍ മാത്രമേ പുതിയ ഡാമിന്റെ വിഷയം തന്നെ ഉദിക്കുന്നുള്ളൂ.
സുപ്രീംകോടതി നിര്‍ദേശിച്ചതു പ്രകാരം രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി വിശദമായ പരിശോധന നടത്തണമെന്നാണു സ്വകാര്യ ഹര്‍ജിയില്‍ കേരളം ആവശ്യപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും സത്യവാങ്മൂലത്തില്‍ കേരളത്തിന്റെ ആവശ്യപ്പെട്ടു.
പരിശോധന നടത്തുമ്പോള്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. പരിശോധന മുഴുവനായി വീഡിയോയില്‍ ചിത്രീകരിക്കണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്താണ് തമിഴ്നാടിന്റെ സത്യവാങ്മൂലം.
അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്നാണ് 2023 മാര്‍ച്ചില്‍ മേല്‍നോട്ട സമിതിയും കേന്ദ്ര ജലകമ്മിഷനും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലുള്ളത്. അണക്കെട്ടിനു കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി ആരും തങ്ങളുടെ മുമ്പാകെ ഉന്നയിച്ചിട്ടില്ലെന്നാണ് മേല്‍നോട്ട സമിതി പറയുന്നത്.