കുവൈറ്റ് തീപിടിത്തം: മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ എട്ട് പേര്‍ കസ്റ്റഡിയില്‍

കുവൈറ്റ് തീപിടിത്തം: മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ എട്ട് പേര്‍ കസ്റ്റഡിയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈറ്റ് പൗരനുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തും.

അതിനിടെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം കുവൈറ്റ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. തുക അതത് എംബസികള്‍ വഴിയാകും വിതരണം ചെയ്യുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് സംഭവ ദിവസംതന്നെ ഉത്തരവിട്ടിരുന്നു.

തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.