ബീജിങ് : മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ചൈനയിലെ ഹാങ്ഷ്വ രൂപതയുടെ പുതിയ ബിഷപ്പായി ബിഷപ് ഗിയുസെപ്പെ യാങ് യോങ്ക്വാങ്ങിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചൈന - വത്തിക്കാൻ ധാരണ പ്രകരാമാണ് പുതിയ നിയമനമെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സിനഡാലിറ്റിയെക്കുറിച്ച് ചർച്ച ചെയ്യുവാൻ 2023 ൽ വത്തിക്കാനിൽ ചേർന്ന ബിഷപ്പുമാരുടെ സിനഡിൽ ബിഷപ് യാങ് യോങ്ക്വാങ്ങ് പങ്കെടുത്തിരുന്നു. 1970 ഏപ്രിൽ 11 ന് യാങ് യോങ്ക്വിയാങ്ങിൽ ജനിച്ച ഗിയുസപ്പെ യാങ് യോങ്ക്വാങ്ങ് 1995-ൽ വൈദികനായി അഭിഷിക്തനായി. 2010-ൽ സൗക്കുൻ രൂപതയുടെ കോ അഡ്ജുറ്റർ ബിഷപ്പായി നിയമിതനായ യാങ് യോങ്കവിയാങ്ങ് 2013- ൽ രൂപതയുടെ ബിഷപ്പായി ചുമതലയേറ്റു.
2018- ൽ ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചൈന-വത്തിക്കാൻ കരാർ 2020ലും 2022 ലും പുതുക്കിയിരുന്നു. 2024ലും ഈ ധാരണ പുതുക്കാനാകുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.