വത്തിക്കാൻ സിറ്റി: രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ലായെന്ന് ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പയുടെ ജൂലൈ മാസത്തെ പ്രാർഥനാ നിയോഗം. രോഗികൾക്കായുള്ള അജപാലന ശുശ്രൂഷയുമായി ബന്ധപ്പെടുത്തിയാണ് ഈ മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം.
രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല എന്ന് വ്യക്തമാക്കപ്പെടേണ്ടത് സുപ്രധാനമാണ്. രോഗീലേപന കൂദാശാ പരികർമ്മത്തിനായി പുരോഹിതൻ ഒരു വ്യക്തിയെ സമീപിക്കുന്നത് ആ വ്യക്തിയെ ജീവിതത്തോട് വിട പറയാൻ സഹായിക്കനാണെന്ന് ചിന്തിച്ചാൽ അതിനർത്ഥം എല്ലാ പ്രതീക്ഷകളും വെടിയുക എന്നാണ്. എന്നാൽ വൈദികന് പിന്നാലെ അന്ത്യകർമ്മനിർവ്വഹാകനെത്തുമെന്ന ചിന്തയാണിതെന്ന് പാപ്പ പറഞ്ഞു. രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്നാണെന്നും അത് ആത്മാവിനെ സുഖപ്പെടുത്തുന്നുവെന്നും നാം ഓർത്തിരിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒരാൾ രോഗിയാണെങ്കിൽ അയാൾക്ക് രോഗീലേപനം നൽകുന്നതും പ്രായാധിക്യത്തിലെത്തിയ വ്യക്തി ഈ കൂദാശ സ്വീകരിക്കുന്നതും ഒരുപോലെ പ്രാധാനപ്പെട്ടതാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അത് സ്വീകരിക്കുന്നവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും കർത്താവിന്റെ ശക്തി ലഭിക്കാനും കാരുണ്യത്തിന്റെയും പ്രത്യാശയുടെയും ദൃശ്യ അടയാളമായി മാറാനും വേണ്ടി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിക്കുകയാണെന്നും മാർപാപ്പ ഓര്‍മ്മിപ്പിച്ചു.