കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രധാന സമയങ്ങളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം. സീറോ മലബാര്‍ സഭയില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ച് വന്ന സിനഡിന്റെ തീരുമാനങ്ങളെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഉത്തരവാദിത്വത്തോടെയും ഗൗരവത്തോടെയും സമീപിക്കണമെന്നും അല്‍മായ ഫോറം വ്യക്തമാക്കി.
സാധാരണയായി ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും രാവിലെ 5.30 മുതല്‍ 6.30 വരെയാണ് ദേവാലയങ്ങളില്‍ ആദ്യത്തെ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും അര്‍പ്പിക്കുന്ന ഏകീകൃത കുര്‍ബാന ആ ദിവസത്തിന്റെ ആദ്യത്തെ കുര്‍ബാനയായി അര്‍പ്പിച്ചു കൊണ്ടുള്ള അനുരഞ്ജനം സാധ്യമാക്കാന്‍ വൈദികരും വിശ്വാസികളും പരിശ്രമിക്കണം.
സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് സിനഡും മേജര്‍ ആര്‍ച്ച് ബിഷപ്പും എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കാനും അതുവഴി നമ്മുടെ സഭയുടെ കൂട്ടായ്മയേയും സഹോദര്യത്തെയും വളര്‍ത്താനും നമുക്ക് സാധ്യമാകണം. അഭിപ്രായ വ്യത്യാസങ്ങളെയും വിയോജിപ്പുകളെയും സഭയുടെ പൊതുനന്മയെ പ്രതി മാറ്റിവയ്ക്കാനും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും വിശ്വാസത്തിലെടുത്തു കൊണ്ട് പരസ്പര സ്‌നേഹത്തിലും ഐക്യത്തിലും ഉത്തമ വിശ്വാസികള്‍ എന്ന നിലയില്‍ വര്‍ത്തിക്കുവാന്‍ നമുക്ക് ശ്രമിക്കാം.
നമ്മുടെ സഭയില്‍ സാഹോദര്യവും നീതിയും സമാധാനവും അന്തസും ലഭിക്കുന്ന രീതിയില്‍ നാം എല്ലാവരും സഹോദരങ്ങള്‍ എന്ന നിലയില്‍ നമ്മുടെ അമ്മയായ സഭയെ പരിപാലിക്കാനും സഭാധികാരികളെ അനുസരിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. കത്തോലിക്കാ സഭ കാലാകാലങ്ങളില്‍ വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. ഇവിടെ ആരും പരാജയപ്പെടുകയോ, വിജയിക്കുകയോ ചെയ്യുകയില്ലെന്ന് മനസിലാക്കണം.
പ്രകോപനപരമായ നീക്കങ്ങളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട് അനുരഞ്ജനത്തിന്റെ പാതയില്‍ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പാലങ്ങള്‍ പണിയാന്‍ വിശ്വാസികളായ എല്ലാവരും പരിശ്രമിക്കണമെന്നും സീറോ മലബാര്‍ സഭ അല്‍മായ ഫോറം അഭ്യര്‍ത്ഥിച്ചു.