നമ്മെ ഭാരപ്പെടുത്തുകയും തടസപ്പെടുത്തുകയും ചെയ്യുന്ന അനാവശ്യ 'ബാഗേജുകള്‍' ഉപേക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പയുടെ ഞായറാഴ്ച സന്ദേശം

നമ്മെ ഭാരപ്പെടുത്തുകയും തടസപ്പെടുത്തുകയും ചെയ്യുന്ന അനാവശ്യ 'ബാഗേജുകള്‍' ഉപേക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ സ്‌നേഹവും അവിടുത്തെ ആനന്ദവും പൂര്‍ണമായി അനുഭവിച്ചറിയാന്‍ സാധിക്കണമെങ്കില്‍, നമ്മെ ഭാരപ്പെടുത്തുകയും നമ്മുടെ ജീവിതയാത്രയെ തടസപ്പെടുത്തുകയും ചെയ്യുന്ന അനാവശ്യമായ 'ബാഗേജുകള്‍' ഉപേക്ഷിക്കണമെന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ.

ഞായറാഴ്ച വത്തിക്കാനില്‍ ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് വചനസന്ദേശം നല്‍കവെയാണ് മാര്‍പാപ്പ ഈ ഉപദേശം നല്‍കിയത്. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നുള്ള ഞായറാഴ്ചത്തെ വായനയെ (മര്‍ക്കോസ് 6: 7-13) ആസ്പദമാക്കിയാണ് പാപ്പാ സംസാരിച്ചത്.

പ്രേഷിത ദൗത്യത്തിനു വേണ്ടി ശിഷ്യന്മാരെ ഈ രണ്ടു പേരായി അയച്ചപ്പോള്‍, യേശു അവരെ ഉപദേശിച്ചത് അത്യാവശ്യമായവ മാത്രമേ എടുക്കാവൂ എന്നാണ്. ആ രംഗം ഒരു നിമിഷം മനസിലേക്ക് കൊണ്ടുവരാന്‍ പാപ്പാ ആവശ്യപ്പെട്ടു. സുവിശേഷം പ്രസംഗിക്കേണ്ടത് ഒറ്റയ്ക്കല്ല മറിച്ച്, ഒരു സമൂഹമായാണ് എന്ന കാര്യവും ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഭൗതിക വസ്തുക്കളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കാനും നമ്മുടെ കഴിവുകളും വിഭവങ്ങളും താലന്തുകളും പങ്കുവയ്ക്കാനും അറിഞ്ഞിരിക്കണം. കേവലം ഉപരിപ്ലവമായവയെല്ലാം വെടിഞ്ഞ്, അന്തസോടെ ജീവിക്കാനാവശ്യവമുള്ളതു മാത്രം കൈവശം വച്ച്, സഭയുടെ ദൗത്യത്തില്‍ സജീവമായി പങ്കെടുക്കുമ്പോഴാണ് നാം യാഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകുന്നതെന്ന് പപ്പാ പറഞ്ഞു.

സഭയുടെ കൂട്ടായ്മയും ലളിത ജീവിതശൈലിയും

നമ്മുടെ ചിന്തകളിലും വികാരങ്ങളിലുമെല്ലാം ആത്മസംയമനം വേണമെന്ന് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. നമുക്ക് ആവശ്യമുള്ളത് അല്‍പമേ ഉള്ളുവെങ്കിലും അതില്‍ സംതൃപ്തി കണ്ടെത്തണം. യേശുവിന്റെ സന്ദേശത്തിന്റെ സൗന്ദര്യം അതിലാണ് അടങ്ങിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ മിഷണറി സഭയാകണമെങ്കില്‍ സഭയുടെ എല്ലാ തലങ്ങളിലും അവശ്യം വേണ്ട രണ്ടു പ്രധാന മൂല്യങ്ങളാണ് കൂട്ടായ്മയും മിതവ്യയശീലവുമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

അതിനാല്‍ നമുക്ക് ആത്മശോധന ചെയ്യാം - പരിശുദ്ധ പിതാവ് പറഞ്ഞു. 'സുവിശേഷം അറിയിക്കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്താറുണ്ടോ? കര്‍ത്താവിനെ കണ്ടുമുട്ടിയതിലൂടെ എനിക്കു ലഭിച്ച വെളിച്ചവും ആനന്ദവും ഞാന്‍ ചുറ്റും പ്രസരിപ്പിക്കാറുണ്ടോ? ഇതിനായി മറ്റുള്ളവരോടൊപ്പം നടക്കാനും കഴിവുകളും ആശയങ്ങളും പങ്കുവയ്ക്കാനും എനിക്ക് ഒരു തുറന്ന മനസും ഉദാര ഹൃദയവും ഉണ്ടോ? അവസാനമായി, ഒരു മിതവ്യയ ജീവിതശൈലി വളര്‍ത്തിയെടുക്കാനും സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനും എനിക്കറിയാമോ?'

കൂട്ടായ്മയും മിത ജീവിതശൈലിയുമുള്ള വിശ്വസ്ത ശിഷ്യരും യഥാര്‍ത്ഥ പ്രേഷിതരുമാകാന്‍ അപ്പോസ്‌തോലന്മാരുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ സഹായം യാചിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.