വത്തിക്കാന്‍ സിറ്റി: കൂടുതല്‍ കരുതലും അനുകമ്പയും ഉള്ളവരാകുന്നതിനും ശാരീരികവും ആത്മീയവുമായ ഊര്‍ജം വീണ്ടെടുക്കുന്നതിനുമായി പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും സമയം കണ്ടെത്തണമെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ഇതിനായി അനുദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും വേവലാതികളില്‍ നിന്നും അല്‍പനേരം പിന്‍വാങ്ങേണ്ടത് അനിവാര്യമാണെന്ന് മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മധ്യാഹ്ന പ്രാര്‍ത്ഥനക്കായി ഒരുമിച്ചുകൂടിയവരോട് സംസാരിക്കുകയായിരുന്നു പാപ്പ. ഞായറാഴ്ചത്തെ സുവിശേഷ വായനയെ (മര്‍ക്കോസ് 6: 30-34) അടിസ്ഥാനമാക്കിയാണ് പരിശുദ്ധ പിതാവ് ധ്യാനചിന്തകള്‍ പങ്കുവച്ചത്. തങ്ങളെ ഭരമേല്‍പ്പിച്ച ദൗത്യം നിര്‍വഹിച്ചശേഷം, അപ്പസ്‌തോലന്മാര്‍ മടങ്ങിവന്ന് അവര്‍ ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും യേശുവിനോട് വിവരിക്കുന്ന ഭാഗമാണ് അത്.
ജനക്കൂട്ടങ്ങള്‍ അപ്പസ്‌തോലന്മാരെ കാത്തിരിക്കുകയായിരുന്നു. എങ്കിലും, അല്‍പസമയം വിശ്രമിക്കാനാണ് കര്‍ത്താവ് അപ്പസ്‌തോലന്മാരോട് അപ്പോള്‍ നിര്‍ദ്ദേശിച്ചത്. വിശ്രമിക്കാനുള്ള യേശുവിന്റെ ക്ഷണവും ജനക്കൂട്ടത്തോടുള്ള അവിടുത്തെ അനുകമ്പയും പരസ്പരവിരുദ്ധങ്ങളായി തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. മറിച്ച്, നമുക്ക് ഉണ്ടായിരിക്കേണ്ട രണ്ടു വിധത്തിലുള്ള പ്രതികരണങ്ങളെയാണ് അത് കാണിക്കുന്നത്.
പ്രവര്‍ത്തന മണ്ഡലങ്ങളിലെ ഏകാധിപത്യം ഒഴിവാക്കുക
ശിഷ്യന്മാര്‍ എത്രമാത്രം ക്ഷീണിതരാണെന്ന് കണ്ടപ്പോള്‍ യേശു അവരോട് കരുതല്‍ കാണിച്ചു. ഇത് നമുക്കും ഉണ്ടായേക്കാവുന്ന എക്കാലത്തെയും ഒരു അപകടസാധ്യതയാണ്. മിഷന്‍ പ്രവര്‍ത്തനത്തോടുള്ള നമ്മുടെ അഭിവാഞ്ഛയും അത് നല്‍കുന്ന ചുമതലകളും ഉത്തരവാദിത്വങ്ങളും അമിത അധ്വാനത്തിന്റെ ഇരകളാക്കി നമ്മെ മാറ്റിയേക്കാം. ഒരുപക്ഷേ, ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ പട്ടികയും അവയുടെ ഫലങ്ങളും മാത്രമായിരിക്കാം നാം മുന്നില്‍ കാണുന്നത്. അത് നമ്മെ ഉത്കണ്ഠാകുലാരാക്കുകയും അത്യന്താപേക്ഷിതമായ മറ്റു കാര്യങ്ങള്‍ അവഗണിക്കുന്നവരാക്കുകയും ചെയ്‌തേക്കാം. നമ്മുടെ ആത്മാവിനെയും ശരീരത്തെയും തളര്‍ത്തുകയും അജപാലന ശുശ്രൂഷകളെ ഭാരപ്പെടുത്തുകയും ചെയ്‌തേക്കാം - പാപ്പാ മുന്നറിയിപ്പു നല്‍കി. ഇത്തരത്തിലുള്ള ഏകാധിപത്യപരമായ പ്രവര്‍ത്തനത്തിന്റെ പ്രവണതകളെ സൂക്ഷിക്കണമെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍
ചിലപ്പോള്‍ കുടുംബാംഗങ്ങളുടെ ആഹാരത്തിനുള്ള വക കണ്ടെത്താനായി പിതാക്കന്മാര്‍ കൂടുതല്‍ സമയം പണിയെടുക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഭാര്യയും മക്കളുമായി ചെലവഴിക്കേണ്ട വിലപ്പെട്ട സമയം അതുവഴി നഷ്ടപ്പെടുന്നു. ഇത് ഒരു സാമൂഹിക അനീതിയാണെന്നും ഇപ്രകാരമുള്ള കുടുംബങ്ങളെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കണമെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. സ്‌നേഹസമ്പന്നമായ ഒരു കുടുംബം രൂപപ്പെടുത്താന്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളോടൊപ്പം സമയം ചെലവഴിക്കണം - പാപ്പ പറഞ്ഞു.
ആത്മാവിന്റെയും ശരീരത്തിന്റെയും ഉന്മേഷം വീണ്ടെടുക്കുക
വിശ്രമിക്കുന്നത് ലോകത്തിന്റെ വ്യാപാരങ്ങളില്‍നിന്ന് ഒളിച്ചോടാനോ വ്യക്തിപരമായ ക്ഷേമത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനോ അല്ല, മറിച്ച് നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും ഉന്മേഷം വീണ്ടെടുക്കുന്നതിനാണ്. നമ്മുടെ ചുറ്റുമുള്ളവര്‍ക്കു നേരെ സ്‌നേഹപൂര്‍വ്വമായ കരുതലും അനുകമ്പയും പ്രകടിപ്പിക്കണമെങ്കില്‍, അതിന് വിശ്രമം ആവശ്യമാണ്.
വിശ്രമവും അനുകമ്പയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 'വിശ്രമിക്കാന്‍ പഠിച്ചാല്‍ മാത്രമേ നമുക്ക് അനുകമ്പ ഉണ്ടാകൂ' - പാപ്പാ എടുത്തുപറഞ്ഞു.
പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശങ്ക നമ്മുടെ ഹൃദയങ്ങളെ കീഴ്‌പ്പെടുത്താതിരിക്കുവോളം ആരാധനയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവകൃപ സ്വീകരിക്കാന്‍ നാം തുറവിയുള്ളവരായിരിക്കും. അപ്പോള്‍ യഥാര്‍ത്ഥ അനുകമ്പയോടെ മറ്റുള്ളവരുടെ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് അറിയാന്‍ കഴിയും - പാപ്പാ വിശദീകരിച്ചു.
തിരക്കുകള്‍ ഒഴിവാക്കുക, ധ്യാനിക്കുക, പ്രാര്‍ത്ഥിക്കുക
നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി ചെയ്തുകൊണ്ടിരിക്കുന്നവയില്‍ നിന്ന് അല്പനേരം വിരമിച്ച് കര്‍ത്താവിനോടൊപ്പമായിരിക്കാന്‍ സമയം കണ്ടെത്തണമെന്ന് പാപ്പാ നിര്‍ദേശിച്ചു. അത് നമ്മുടെ ആത്മശരീരങ്ങളെ പുതുക്കി നമ്മെ ഉന്മേഷഭരിതരാക്കി മാറ്റും. അനുദിന ജീവിത പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 'ആത്മാവില്‍ വിശ്രമിക്കാനും' മറ്റുള്ളവരോട് അനുകമ്പയുള്ളവരായിരിക്കാനും പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ പരിശുദ്ധ പിതാവ് തന്റെ സന്ദേശം ഉപസംഹരിച്ചു.
മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക