ബംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവാലി പുഴയില്‍ കണ്ടെത്തിയതില്‍ നിര്‍ണായകമായത് നാസയുടെ ഇടപെടല്‍.
അര്‍ജുനായുള്ള തിരച്ചിലില്‍ നാസ, ഐഎസ്ആര്‍ഒ, നാവികസേന, എന്‍ഡിആര്‍എഫ് സംഘങ്ങളുടെ യോജിച്ച പ്രവര്‍ത്തനമാണ് ഫലം കണ്ടത്.
നാസയിലെ തന്റെ സുഹൃത്തിന് അപകടത്തിന്റെ വിശദാംശങ്ങള്‍ അയച്ചെന്നും സുഹൃത്ത് നല്‍കിയ ടോപോഗ്രഫി ചാര്‍ട്ട് ഐഎസ്ആര്‍ഒ സംഘത്തിന് നല്‍കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി എം. നാരായണന്‍ പറഞ്ഞു. ടോപോഗ്രഫി ചാര്‍ട്ട് വിശദമായി പരിശോധിച്ച ഐഎസ്ആര്‍ഒ സംഘമാണ് ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെയാണ് ഷിരൂരിലെ ഗംഗാവാലി പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇത് അര്‍ജുന്‍ ഓടിച്ച ട്രക്ക് തന്നെയാണെന്ന് പിന്നീട് സ്ഥിരീകരണം വന്നു.
കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനാ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയും കാറ്റും മൂലം പിന്‍വാങ്ങുകയായിരുന്നു.