ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പത്താം ദിവസത്തിലേക്ക്. ഇന്നലത്തെ ലോറി കണ്ടെത്തിയതിനാല്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയ ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.
ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവര്‍മാര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിന് ശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തും തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങള്‍ രാത്രിയോടെ സ്ഥലത്തെത്തിച്ചിരുന്നു.
നിലവില്‍ മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. തിരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.