ഹിമാചലില്‍ മേഘ വിസ്ഫോടനം: മലവെള്ളപ്പാച്ചിലില്‍ ഒലിച്ചെത്തിയത് ഉരുളന്‍ കല്ലുകള്‍; ദേശീയ പാത അടച്ചു

ഹിമാചലില്‍ മേഘ വിസ്ഫോടനം: മലവെള്ളപ്പാച്ചിലില്‍ ഒലിച്ചെത്തിയത് ഉരുളന്‍ കല്ലുകള്‍; ദേശീയ പാത അടച്ചു

ഷിംല: ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മണാലി-ലേ ദേശീയ പാത അടച്ചു. റോഡുകളിലേക്ക് വ്യാപകമായി വലിയ ഉരുളന്‍ കല്ലുകള്‍ ഒലിച്ചെത്തി ഗതാഗതം തടസപ്പെട്ടതോടെയാണ് ദേശീയ പാത താല്‍ക്കാലികമായി അടച്ചത്. മലവെള്ളപ്പാച്ചിലില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടതോടെ സ്പിതിയില്‍ നിന്ന് മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ് വഴി തിരിച്ചുവിട്ടതായി പൊലീസ് പറഞ്ഞു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

മേഘ വിസ്ഫോടനത്തെ തുടര്‍ന്ന് മണാലിയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ പല്‍ചാനില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. പാലത്തിന് കേടുപാടുകള്‍ സംഭവിക്കുകയും പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും തടസപ്പെടുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഹിമാചല്‍ മേഖലയിലെ 15 റോഡുകള്‍ ഇന്നലെ അടച്ചിരുന്നു. മഴയില്‍ 62 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. കനത്ത കൃഷി നാശവും ഉണ്ടായി. ജൂലൈ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് മേഖലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 27 ന് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 49 പേര്‍ മരിച്ചതായും ഏകദേശം 389 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായുമായാണ് റിപ്പോര്‍ട്ടുകള്‍.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.