ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കവേ ദുരന്തത്തില്‍ കാണാതായ മറ്റൊരു ലോറി ഡ്രൈവറായ ശരവണനായി (39) തമിഴ്‌നാട്ടില്‍ നിന്ന് ആരും എത്തിയില്ലെന്ന് അദേഹത്തിന്റെ അമ്മാവനായ സെന്തില്‍ കുമാര്‍.
അര്‍ജുനായി നാട്ടില്‍ നിന്നും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് ദുരന്തഭൂമിയില്‍ എത്തിയത്. എന്നാല്‍ ശരവണനായി അദേഹത്തിന്റെ അമ്മാവനായ സെന്തില്‍ കുമാര്‍ മാത്രമാണ് എത്തിയത്. എന്ത് ചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അദേഹത്തിന് അറിയില്ല. അര്‍ജുന്റെ തെരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനും കൂടി കിട്ടണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് സെന്തില്‍ കുമാര്‍ പറഞ്ഞു.
അര്‍ജുനെ കാണാതായ അതേ മണ്ണിടിച്ചിലാണ് ശരവണനെയും കാണാതായത്. ടാങ്കര്‍ ലോറിയിലാണ് ശരവണന്‍ എത്തിയത്. വണ്ടിയില്‍ നിന്ന് ഇറങ്ങി കടയില്‍ ചായ കുടിക്കാന്‍ കയറിയപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പിന്നെ ഒരു വിവരവും ലഭിച്ചിട്ടില്ല. ശരവണന്റെ ലോറി ലഭിച്ചെങ്കിലും അതില്‍ അദേഹം ഇല്ലായിരുന്നു.
'നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ? അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടപ്പോള്‍ തിരച്ചിലിനായി അവര്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ ആരും സ്ഥലത്ത് വന്നിട്ടില്ല. കര്‍ണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു.
കാണാതായ ശരവണനും അര്‍ജുന് ലഭിച്ച അതേ പ്രധാന്യം ഉണ്ടാകുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നില്‍ക്കുന്നത്. മുന്‍പ് ഒരു ബോഡി ലഭിച്ചപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് എടുക്കാന്‍ അമ്മയെ വിളിപ്പിച്ചിരുന്നു. ഒരുപാട് ബന്ധുക്കള്‍ ഒന്നും ശരവണന് ഇല്ല. ഒരു മകന്‍ ഉണ്ട്. ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്'- സെന്തില്‍ കുമാര്‍ പറഞ്ഞു.