'പാകിസ്ഥാന്റെ ചതിക്കെതിരെ നേടിയ വിജയം, പാക് ഭീകരരുടെ ലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാവില്ല': കാര്‍ഗില്‍ വിജയ ദിനത്തില്‍ പ്രധാനമന്ത്രി

 'പാകിസ്ഥാന്റെ ചതിക്കെതിരെ നേടിയ വിജയം, പാക് ഭീകരരുടെ ലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാവില്ല': കാര്‍ഗില്‍ വിജയ ദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാക് പട്ടാളത്തെ തുരത്തി ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിതന്ന ധീരയോദ്ധാക്കളെ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരാണ്. ഓരോ സൈനികന്റെയും ത്യാഗം അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വീരമൃത്യുവരിച്ച സൈനികര്‍ക്ക് ദ്രാസില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ലഡാക്കിലെ ഈ പുണ്യഭൂമി കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ മഹത്തായ 25-ാം വാര്‍ഷികത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന് വേണ്ടി സൈനികര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ അനശ്വരമാണെന്നാണ് കാര്‍ഗില്‍ വിജയ് ദിവസം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ ഓരോ ഹീന പ്രവൃത്തികളും പരാജയപ്പെട്ടു. കഴിഞ്ഞു പോയ ചരിത്രങ്ങളില്‍ നിന്നും പാകിസ്ഥാന്‍ പാഠങ്ങള്‍ ഉള്‍കൊണ്ടില്ല. പാകിസ്ഥാന്‍ ഇപ്പോഴും പ്രകോപനം തുടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തന്റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ സാധിക്കുന്ന സ്ഥലത്ത് നിന്നാണ് ഇത് പറയുന്നത്. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു, പാകിസ്ഥാന്‍ ഭീകരരുടെ ലക്ഷ്യങ്ങളൊന്നും തന്നെ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. തങ്ങളുടെ സൈനികര്‍ ശത്രുക്കളെ ഇല്ലാതാക്കി തക്കതായ മറുപടി നല്‍കും. അവര്‍ സ്വന്തം രാജ്യത്തേയും ജനങ്ങളെയും സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേവലം യുദ്ധത്തിന്റെ വിജയം മാത്രമല്ല കാര്‍ഗില്‍ വിജയ ദിവസം. സത്യത്തിന്റെ വിജയമാണ് കാര്‍ഗിലിലേത്. പാകിസ്ഥാന്റെ ചതിക്കെതിരെ ഇന്ത്യയുടെ ധീര യോദ്ധാക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയെടുത്ത ഐതിഹാസിക വിജയം. പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ ഭീകരവാദത്തിന്റെ സഹായത്തോടെയാണ്. എന്നാല്‍ അതിനെതിരെ ഇന്ത്യ ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.