ഷിരൂര്‍: കര്‍ണാടക ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ 13-ാം ദിവസവും തുടരും. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ഇന്ന് തിരച്ചില്‍ നടത്തുക.
കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. രക്ഷാ ദൗത്യം വിലയിരുത്താന്‍ രാവിലെ പത്തിന് ഉന്നതതല യോഗം ചേരും.
മന്ത്രി എ.കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കും. സിഗ്‌നല്‍ ലഭിച്ച മൂന്ന് ഇടങ്ങളില്‍ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പുഴയിലെ മണ്‍കൂനക്ക് അരികെ ഇറങ്ങിയാണ് ശനിയാഴ്ച പരിശോധന നടത്തിയത്.
നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങല്‍ വിദഗ്ധരുമായ മാല്‍പെ സംഘവും ചേര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്. ഗംഗാവലി പുഴയില്‍ സിഗ്‌നല്‍ കാണിച്ച മൂന്നിടങ്ങളില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.