ന്യൂഡല്‍ഹി: അടിയന്തര സഹായങ്ങള്‍ സുഗമമാക്കുന്നതിനായി വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ശശി തരൂര്‍ എംപി. ഇത് ചൂണ്ടിക്കാട്ടി തരൂര്‍, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരുകോടി വരെയുള്ള പ്രവര്‍ത്തികള്‍ക്ക് ശുപാര്‍ശ നല്‍കാനാകും. സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്ന വയനാടിന് ഇത് ഏറെ ആശ്വാസകരമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ജൂലൈ 30ന് രാത്രി വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അനേകം പേരെ കാണാതാവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇപ്പോഴും പലരും മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുകയാണ്. നാളിതുവരെ കേരളം കണ്ടിട്ടാല്ലാത്ത അത്രയും വേദനാജനകമായ കാഴ്ചയാണ് വയനാട്ടിലെ ദുരന്തഭുമിയിലുണ്ടായതെന്നും തരൂര്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ട്. രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഒരുകോടി വരെയുള്ള പ്രവര്‍ത്തികള്‍ക്ക് ശുപാര്‍ശ നല്‍കാനാകുമെന്നും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നും അദേഹം പറഞ്ഞു. ഈ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 300 കടന്നതായാണ് റിപ്പോര്‍ട്ട്. 240 ലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.