സംരംഭകർക്ക് കരുത്തേകാൻ സിറോ മലബാർ സഭ; ‘വിങ്‌സ് 2.0’ചങ്ങനാശേരിയിൽ

സംരംഭകർക്ക് കരുത്തേകാൻ സിറോ മലബാർ സഭ; ‘വിങ്‌സ് 2.0’ചങ്ങനാശേരിയിൽ

കോട്ടയം : ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളിൽ ചങ്ങനാശേരി എസ്ബി കോളജിലും അസംപ്ഷൻ കോളജിലും സംഘടിപ്പിക്കുന്ന ‘വിങ്‌സ് 2.0’ സംരംഭകത്വ പരിശീലന പരിപാടി ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്തു. മിശിഹായിൽ ഒരുമിച്ച് വളരൂന്നവരുടെ സമൂഹമായ സഭയെ പോലെ ഒരുമിച്ച് വളരാൻ ആഗ്രഹിക്കുന്ന സംരംഭകരുടെ ഒരു കൂട്ടായ്മ ആണ് നസ്രാണി മാർഗം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിങ്‌സ് 2.0’ എന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

കൂട്ടായ്മയാണ് വളർച്ചയുടെ അടിസ്ഥാനം, വ്യവസായ സംഭരകർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കൂടുതൽ വിജയിക്കാൻ സാധിക്കും എന്ന് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും നാട് വീടുന്ന യുവജനങ്ങൾക്ക് പ്രത്യാശ പകരുന്നതാണ് ഈ പരിപാടി എന്ന് പിതാവ് പറഞ്ഞു.

കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ അധ്യക്ഷത വഹിച്ചു. നമ്മുടെ കുഞ്ഞുങ്ങൾ ജോലിക്കും പഠനത്തിനുമായി നാട് വിടുമ്പോൾ നഷ്ടമാകുന്നത് മികച്ച മാനവവിഭവ ശേഷിയുള്ള യുവാക്കളെയാണ്. വിദേശങ്ങളിൽ പോയി എന്ത് ജോലിയും ചെയ്യാൻ സന്നദ്ധരാകുന്ന നമ്മുടെ യുവാക്കൾ നാട്ടിൽ ഒന്നും ചെയ്യാൻ സാധിക്കാത്തവരായി മാറുന്നതിൽ സമൂഹത്തിന് പങ്ക് ഇല്ലേ? നമുക്ക് ലഭ്യമായുള്ള സ്ഥലങ്ങളും സൗകര്യങ്ങളും നല്ല രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. സഭാ സംവിധാനങ്ങൾ നാട്ടിൽ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ നടത്തുന്ന കൂട്ടായ ശ്രമങ്ങളെ ജില്ലാ കളക്ടർ അഭിനന്ദിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാ മാർ ജോസ് പുളിക്കൽ, പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ചങ്ങനാശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ഫാ. ജോർജ് മാന്തുരുത്തി എല്ലാവർക്കും സ്വാഗതം പറഞ്ഞു. അതിരൂപതാ വികാരി ജനറാൾ ഫാ അലക്സ് പാലമറ്റം ആമുഖ പ്രസംഗം നടത്തി.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സംരംഭക പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് എം.പി ജോസഫ് ഐഎഎസ്, തോമസ് കുരുവിള, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, പ്രകാശ് ജി.എസ്, മാത്യു വർ​ഗീസ്, ടി.കെ വിനോദ് കുമാർ, റോയി ജോർജ്, ഡോ. സെയികോ ജോസ്, ഡോ. കെ.പി സുധീർ, മാത്യു ജോസഫ് തുടങ്ങിയ പ്രഗത്ഭർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

കേന്ദ്ര സർക്കാർ സ്ഥാപനമായ കേരളാ ഗ്രാമീൺബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടികൾക്ക് ഡോ ജോജോ കെ ജോസഫ്, എബി കളംന്തരാ, ഫാ ജോർജ് മാന്തുരുത്തി, ഫാ തോമസ് പാറത്തറ ( അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ), ഫാ റെജി പ്ലാത്തോട്ടം (എസ് ബി കോളേജ് പ്രിൻസിപ്പൽ) എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.

കാർഷിക മേഖലയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് സമുദായമെന്ന തിരിച്ചറിവിലാണ് സഭയുടെ നീക്കം. വ്യവസായ - വാണിജ്യ മേഖലയിലേക്ക് കൂടി അംഗങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. ബിസിനസ് മേഖലകളിൽ വിജയിച്ച സമുദായാംഗങ്ങളുടെ മാർഗ നിർദേശത്തോടെ എല്ലാ ഇടവകളിലും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും.

‘‘വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്ന കുട്ടികൾ ഇപ്പോൾ അവിടെ തുടരുന്നതായിട്ടാണ് കാണുന്നത്. ഇത് തടഞ്ഞ് അവർ സ്വന്തം ഗ്രാമത്തിൽ തന്നെ സംരംഭങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ’’- അതിരൂപതാ വികാരി ജനറൽ റവ. ഫാ. ജെയിംസ് പാലയ്ക്കൽ സീന്യൂസ് ലൈവിനോട് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.