'ഗ്രീന്‍ കോറിഡോര്‍' സംവിധാനം; വിവിധ യാത്രാ മാര്‍ഗങ്ങളിലൂടെ അവയവങ്ങള്‍ കൊണ്ടുപോകാന്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം

'ഗ്രീന്‍ കോറിഡോര്‍' സംവിധാനം; വിവിധ യാത്രാ മാര്‍ഗങ്ങളിലൂടെ അവയവങ്ങള്‍ കൊണ്ടുപോകാന്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ യാത്രാ മാര്‍ഗങ്ങളിലൂടെ മനുഷ്യാവയവങ്ങള്‍ തടസങ്ങളില്ലാതെ കൈമാറ്റം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം രാജ്യത്തുടനീളം അവയവ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഒരു മാര്‍ഗരേഖയായി നിലനില്‍ക്കും.

ആകാശം, റോഡ്, റെയില്‍വേ, ജലപാത തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അവയവം കൈമാറ്റം ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണിത്. അവയവ കൈമാറ്റ പ്രക്രിയ കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എണ്ണമറ്റ രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് നടപടി. ഇത് രാജ്യത്തുടനീളമുള്ള അവയവമാറ്റ ശസ്ത്രക്രിയാ സ്ഥാപനങ്ങളുടെ റോഡ് മാപ്പായി പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു.
അവയവ ദാതാവും അവയവം സ്വീകരിക്കുന്നയാളും ഒരേ നഗരത്തിലോ വ്യത്യസ്ത നഗരങ്ങളിലോ വ്യത്യസ്ത ആശുപത്രികളിലോ ആയിരിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ തമ്മില്‍ അവയവ കൈമാറ്റ യാത്രകള്‍ നടക്കാറുണ്ട്.

വിമാനമാര്‍ഗം കൊണ്ടുപോകുന്നതിനുള്ള മാര്‍ഗ നിര്‍ദേശമനുസരിച്ച് അവയവങ്ങള്‍ വഹിക്കുന്ന വിമാനങ്ങള്‍ക്ക് ടേക്ക് ഓഫിനും ലാന്‍ഡിങിനും എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടാന്‍ സാധിക്കും. ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലും അവയവ കൈമാറ്റ യാത്ര സുഗമമാക്കുന്നതിന് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗ്രീന്‍ കോറിഡോര്‍ സംവിധാനം ഉറപ്പാക്കാം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസിനെ ബോധവല്‍കരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

നീതി ആയോഗ്, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, അവയവ കൈമാറ്റ ശസ്ത്രക്രിയാ വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.