വത്തിക്കാൻ സിറ്റി: പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. കേരളത്തിലുണ്ടായ മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്ടമായവർക്കും ദുരിത ബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പേമാരി മൂലം കനത്ത നാശനഷ്ടമുണ്ടായ, നിരവധി ഉരുൾപൊട്ടലുകൾക്ക് കാരണമായി മനുഷ്യ ജീവനുകൾ നഷ്ടമായ കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ അടുപ്പം പ്രകടിപ്പിക്കുന്നു. വിനാശകരമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു.
മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ എല്ലാ ഇരകൾക്കും വേണ്ടി പ്രത്യേകിച്ച് നിരപരാധികളായ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കായും പാപ്പ പ്രാർത്ഥിച്ചു.