ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യമില്ല. സിബിഐ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശം നല്‍കി.
മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാള്‍ ആണെന്ന വാദം ഉയര്‍ത്തിയായിരുന്നു സിബിഐ അദേഹത്തിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്. ജാമ്യം ലഭിക്കുന്ന പക്ഷം കെജരിവാള്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും സിബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
സിബിഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ഇതോടെ കെജരിവാളിന്റെ ജയില്‍ വാസം നീളും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയവേ ജൂണ്‍ 26 നാണ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.