ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്രെയിനുകള്‍ക്ക് നേരെ ആക്രമണം നടത്തണത്തിന് സ്ലീപ്പര്‍ സെല്ലുകളോട് ആഹ്വാനം ചെയ്ത് കൊടും ഭീകരന്‍ ഫര്‍ഹത്തുള്ള ഘോരി.
ഇന്ത്യയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകളോട് ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തു വന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രത കടുപ്പിച്ചു. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലെ ബുദ്ധി കേന്ദ്രവും ഇയാളാണ്.
പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പലതരത്തിലുള്ള സ്ഫോടനങ്ങള്‍ നടത്തുന്നതിനേക്കുറിച്ചും ഘോരി വീഡിയോയില്‍ വിശദീകരിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ പെട്രോളിയം പൈപ്പ് ലൈനുകളെയും ഹിന്ദു നേതാക്കന്മാരെയും ലക്ഷ്യം വെക്കാനും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. മൂന്നാഴ്ച മുന്‍പ് ടെലഗ്രാം ആപ്പിലൂടെയാണ് ഇയാളുടെ വീഡിയോ പുറത്തെത്തിയത് എന്നാണ് വിവരം.
നിലവില്‍ പാകിസ്ഥാനിലാണ് ഘോരിയുള്ളത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ പിന്തുണയോടെ ഒരു സ്ലീപ്പര്‍ സെല്‍ മുഖാന്തരമായിരുന്നു രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയത്. വര്‍ഷങ്ങളായി ഇന്ത്യന്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളയാളാണ് ഫര്‍ഹത്തുള്ള ഘോരി.
അബു സൂഫിയാന്‍, സര്‍ദാര്‍ സാഹബ്, ഫാറു എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഫര്‍ഹത്തുള്ള ഘോരി, 2002 ല്‍ ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്ര ആക്രമണം ഉള്‍പ്പെടെ നിരവധി ഭീകര ആക്രമണങ്ങളുമായി ബന്ധപ്പെട്ടിരുന്നു. 2005 ല്‍ ഹൈദരാബാദിലെ ടാസ്‌ക് ഫോഴ്‌സ് ഓഫീസിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണ്.
മാര്‍ച്ച് ഒന്നിന് രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.