കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31 ന് നടക്കും. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് സ്ഥാനാരോഹണ ചടങ്ങ്.
നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്ന് വൈകുന്നേരം നാലിന് മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ കാനോനിക സ്വീകരണം നല്‍കും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അദേഹത്തെ സ്വീകരിക്കും.
മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ആനവാതില്‍ക്കല്‍ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ തോമസ് തറയിലിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്ത് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ആശംസകള്‍ അര്‍പ്പിക്കും. മാര്‍ തോമസ് തറയില്‍ മറുപടി പ്രസംഗം നടത്തി ശ്ലൈഹീക ആശീര്‍വാദം നല്‍കും. കത്തീഡ്രല്‍ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളി സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തും.
സ്വര്‍ഗ പ്രാപ്തരായ പിതാക്കന്‍മാരുടെ കബറിടത്തിങ്കല്‍ നടക്കുന്ന കര്‍മങ്ങള്‍ക്ക് മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍, റവ. ഡോ. ഐസക് ആഞ്ചേരി, റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഇടവക കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.