യാക്കോബായ സഭയുടെ മേലധ്യക്ഷന്‍ കാതോലിക്കോസ് മാര്‍ ബസേലിയോസ് ജോസഫ് സീറോ മലബാര്‍ സഭയുടെ മെത്രാന്‍സിന്‍ഡിനൊപ്പം.
കൊച്ചി: യാക്കോബായ സഭയുടെ മേലധ്യക്ഷന്‍ കാതോലിക്കോസ് മാര്‍ ബസേലിയോസ് ജോസഫ് സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദര്‍ശിച്ചു. സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിടയിലായിരുന്നു മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കോസിന്റെ സന്ദര്‍ശനം.
സഭാ ആസ്ഥാനത്ത് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ മെത്രാന്‍ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ചേര്‍ന്ന് ബസേലിയോസ് ജോസഫ് തിരുമേനിയെ സ്വീകരിച്ചു. തുടര്‍ന്ന് സിനഡ് പിതാക്കന്മാരുമായും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയിലെ മറ്റ് അംഗങ്ങളുമായും അദേഹം ആശയ വിനിമയം നടത്തി.
സഭകള്‍ തമ്മില്‍ പ്രത്യേകിച്ച് സീറോ മലബാര്‍ സഭയും യാക്കോബായ സഭയും തമ്മില്‍ വളര്‍ത്തിയെടുക്കേണ്ട സഹവര്‍ത്തിത്വത്തെ കുറിച്ചും കൂട്ടായ്മയിലൂടെ ലോകത്തിനു നല്‍കേണ്ട ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ചും മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കോസ് എടുത്തു പറഞ്ഞു. കാലഘട്ടത്തിലെ പ്രതിസന്ധികളെ ഒരുമിച്ചു നിന്ന് നേരിടാന്‍ കഴിയുമെന്ന പ്രത്യാശയും അദേഹം പ്രകടിപ്പിച്ചു.
യാക്കോബായ സഭയ്ക്ക് എപ്പോഴും ഏതാവശ്യത്തിലും സഹോദര്യത്തിന്റെ കരം നീട്ടാന്‍ സീറോ മലബാര്‍ സഭ സന്നദ്ധമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉറപ്പു നല്‍കി. ഇരു സഭകളും തമ്മിലുള്ള പൊതുവായ വിശ്വസ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്വാഗതം ആശംസിച്ചു. സി.ബി.സി.ഐ പ്രസിഡണ്ട് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.