കൊച്ചി: താര സംഘടന എ.എം.എം.എയുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഇടപ്പള്ളിയിലെ ഓഫീസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനായിരുന്നു പരിശോധന. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം എ.എം.എം.എയുടെ ഓഫീസില്‍ പരിശോധന നടത്തുന്നത്.
സംഘടനയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എ.എം.എം.എ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തിരുന്നു. 376 വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസാണ് എടുത്തിരിക്കുന്നത്.
അതേ സമയം കൊച്ചിയിലെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ മുകേഷ് എംഎല്‍എക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
താര സംഘടനയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. വടക്കാഞ്ചേരി പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതോടെ മുകേഷിനെതിരെ മൂന്ന് പീഡനക്കേസായി.
അതിനിടെ നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.