ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 18 ന് നാലു മണിക്കൂര്‍ ദേശവ്യാപക ട്രെയിന്‍ തടയല്‍ സമരം നടത്തും. ഭാവി സമര പരിപാടികള്‍ ശക്തിപ്പെടുത്താന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഉച്ചയ്ക്ക് 12 മുതല്‍ നാല് വരെ രാജ്യ വ്യാപകമായി ട്രെയിന്‍ തടയും.
സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു. ഫെബ്രുവരി 12 മുതല്‍ പഞ്ചാബ്, ഹരിയാന മാതൃകയില്‍ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോള്‍ പ്ലാസകള്‍ ഉപരോധിക്കും.
പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഫെബ്രുവരി 14ന് മെഴുക് തിരി റാലി നടത്തും. 16ന് ഛോട്ടുറാം ജന്‍മദിന വാര്‍ഷികം സംഘടിപ്പിക്കും. അതേസമയം, കര്‍ഷകസമരം തെറ്റിദ്ധാരണ മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. കാര്‍ഷികരംഗം വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളില്‍ കുറവുണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണന്നും പ്രധാനമന്ത്രി പറഞ്ഞു.