കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടന്‍ നിവിന്‍ പോളി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിവിന്‍ പോളി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന് അഭിഭാഷകനുമായി നടന്‍ കൂടിക്കാഴ്ച നടത്തി.
തന്റെ പരാതി കൂടി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് നിവിന്‍ മുന്നോട്ട് വയ്ക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കി ദുബായില്‍വച്ച് നിവിന്‍ പോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പെച്ചെന്നാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍.
അതേസമയം കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.