ഗുരുതര കുറ്റങ്ങള്‍ അറിഞ്ഞിട്ടും മറച്ചു വച്ചു: പി.വി അന്‍വറിനെതിരെ കേസെടുക്കണമെന്ന് ഷോണ്‍ ജോര്‍ജ്; ഡിജിപിക്ക് പരാതി നല്‍കി

ഗുരുതര കുറ്റങ്ങള്‍ അറിഞ്ഞിട്ടും മറച്ചു വച്ചു: പി.വി അന്‍വറിനെതിരെ കേസെടുക്കണമെന്ന് ഷോണ്‍ ജോര്‍ജ്; ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി. ഗുരുതര കുറ്റങ്ങള്‍ അറിഞ്ഞിട്ടും അത് മറച്ചു വച്ചത് കുറ്റകരമാണ്. ഇക്കാര്യത്തില്‍ ഭാരതീയ ന്യായ സംഹിത 239 പ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം.

ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെയും പി.വി അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള അജിത് കുമാര്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നുവെന്നും ആരോപിച്ചിരുന്നു.

അജിത് കുമാര്‍ നോട്ടോറിയസ് ക്രിമിനലാണ്, അയാള്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെയും ഓഫീസിലെയും ഫോണ്‍ ചോര്‍ത്തുന്നു, തിരുവനന്തപുരത്ത് വലിയ കൊട്ടാരം പോലൊരു വീട് പണിയുന്നു, അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ട് തുടങ്ങിയ ആരോപണങ്ങളും അന്‍വര്‍ ഉന്നയിച്ചിരുന്നു.

ഇത്രയും കാര്യങ്ങള്‍ അറിയാമായിരുന്ന ഒരു ജനപ്രതിനിധി ഇതുവരെ അക്കാര്യങ്ങളെല്ലാം മറച്ചു വച്ചത് കുറ്റകരമാണെന്നും അദേഹത്തിനെതചിരെ കേസെടുക്കണമെന്നുമാണ് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആവശ്യപ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.