ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മകന് ജയ് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആറോ ഏഴോ ആളുകളാണ് രാജ്യത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജീവിതത്തില്‍ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തിട്ടില്ലാത്ത വ്യക്തിയാണ് ക്രിക്കറ്റിന്റെ മുഴുവന്‍ ചുമതലക്കാരനെന്നും ജമ്മു കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആനന്ത്നാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ രാഹുല്‍ പരിഹസിച്ചു.
രാജ്യത്തെ എല്ലാ ബിസിനസുകളും മൂന്നോ നാലോ ആളുകളിലേക്ക് മാത്രം ഒതുങ്ങുന്നു. സര്‍ക്കാര്‍ എല്ലാ ബിസിനസുകളും മൂന്നോ നാലോ പേര്‍ക്ക് മാത്രം നല്‍കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ മകന് ജീവിതത്തില്‍ ഒരിക്കല്‍പോലും ക്രിക്കറ്റ് ബാറ്റ് പിടിച്ചിട്ടില്ല. എന്നാല്‍ അയാള്‍ ഇപ്പോള്‍ ക്രിക്കറ്റിന്റെ മുഴുവന്‍ ചുമതലക്കാരനായി മാറുകയാണ്.
ഇന്ത്യയിലെ ജനങ്ങള്‍ ഒന്നും മിണ്ടാതെ സഹിക്കുമെന്നാണ് അവര്‍ കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആഴ്ച ആയിരുന്നു ജയ്ഷാ ഐസിസി തലപ്പത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.