തിരുവനന്തപുരം: സിനിമാ നയത്തിന്റെ കരട് രൂപീകരണ സമിതിയില്‍ നിന്നും നടനും കൊല്ലം എംഎല്‍എയുമായ എം.മുകേഷിനെ ഒഴിവാക്കി. സിപിഎം നിര്‍ദേശ പ്രകാരമാണ് പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ ഒഴിവാക്കിയത്.
നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന സിനിമാ കോണ്‍ക്ലേവിന് മുന്നോടിയായാണ് ഷാജി എന്‍. കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ സമിതിയില്‍ തുടരും. ഉണ്ണികൃഷ്ണനെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് സംവിധായകരായ വിനയന്‍, ആഷിക് അബു തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിഷേധം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്.
പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി. അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.