ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തുടരന്വേഷണം വേണമെന്ന് പൊലീസ്

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തുടരന്വേഷണം വേണമെന്ന് പൊലീസ്

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് നടപടി. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.

പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികള്‍ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.