കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞതാണെന്ന് സി.പി.എം വിലയിരുത്തല്‍. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ നേതാക്കള്‍ക്ക് സംസാരിക്കാനുള്ള വിഷയം സംബന്ധിച്ച രേഖയിലാണ് പാര്‍ട്ടിയുടെ കുറ്റസമ്മതം. ഭരണ സ്വാധീനംമൂലമാണ് പാര്‍ട്ടിയില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടാകുന്നതെന്നും വിഷയ രേഖയില്‍ പറയുന്നു.
ജനകീയ പ്രവര്‍ത്തനം നടത്തുന്നതിലും പുതിയ വിഭാഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിലും വീഴ്ചപറ്റിയോ എന്ന് പരിശോധിക്കണം. വര്‍ഗ-ബഹുജന പ്രശ്‌നങ്ങളിലും നാട്ടിലെ സാധാരണക്കാരുടെ ജനനം, മരണം, വിവാഹം എന്നിവ അടക്കമുള്ളവയിലും ഇടപഴകിയാണ് പ്രവര്‍ത്തിക്കേണ്ടത്. അതിന് കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്നും വിഷയ രേഖയില്‍ പറയുന്നു.
കുറിപ്പിന് പുറമേ ക്ലാസ് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചു. സമ്മേളനങ്ങളില്‍ സംസാരിക്കാന്‍ നിയോഗിക്കുന്ന വ്യക്തികള്‍, ലോക്കല്‍കമ്മിറ്റി, ഏരിയാ കമ്മിറ്റി എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് ക്ലാസ്. പി.ബി അംഗം എ. വിജയരാഘവന്‍ അടക്കമുള്ളവരാണ് ക്ലാസെടുക്കുക.
കൂടാതെ നന്നായി ക്ലാസ് എടുക്കാനും സംസാരിക്കാനും കഴിയുന്ന ചെറുപ്പക്കാരെ പരിശീലനത്തിന് എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.