തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ മാത്രമല്ല, ആര്‍എസ്എസ് നേതാവ് രാം മാധവിനേയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ബിജെപി മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാമാധവുമായി എ.ഡി.ജി.പി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കോവളത്തെ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പറയുന്നു
കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എം.ആര്‍ അജിത് കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി.വി അന്‍വര്‍ ആരോപിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ എം.ആര്‍ അജിത് കുമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി പകരം വിജ്ഞാന ഭാരതി ഭാരവാഹി സ്വയം ഓടിച്ചു വന്ന കാറിലാണ് സ്ഥലത്തെത്തി ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത്.
ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ കണ്ണടച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു വിട്ടത്.
2023 മെയ് 22 ന് കൂടിക്കാഴ്ച നടന്നെന്നായിരുന്നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്.
പല കേസിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ തടയാനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ച നടന്നെന്നും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടെ ഈ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നെന്നുമാണ് വി.ഡി സതീശന്റെ ആരോപണം.
ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എം.ആര്‍ അജിത് കുമാര്‍ സമ്മതിക്കുകയും ചെയ്തു.