കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും കൊല്ലം എംഎല്‍എയുമായ എം. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നു.
വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.
കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുക.
പരാതിക്കാരിയായ നടിയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബല പ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം എന്ന വാദം കോടതി പൂര്‍ണമായും തള്ളിയിരുന്നു.
എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ എറണാകുളം മരട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി 354, 509, 452 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.