എം.ആര്‍ അജിത് കുമാറിനെ നീക്കിയേക്കും; പകരം ചുമതല എച്ച്. വെങ്കിടേഷിന് നല്‍കാന്‍ സാധ്യത

എം.ആര്‍ അജിത് കുമാറിനെ നീക്കിയേക്കും; പകരം ചുമതല എച്ച്. വെങ്കിടേഷിന് നല്‍കാന്‍ സാധ്യത

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയടക്കം നിരവധി വിവാദങ്ങളില്‍പ്പെട്ട എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും.ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന് പകരം ചുമതല നല്‍കാനാണ് സാധ്യത. അജിത് കുമാറിന്റെ അവധി നീട്ടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നാണ് അറിയുന്നത്.

ഈ മാസം 14 മുതല്‍ 17 വരെ അജിത് കുമാര്‍ അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. ഓണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തന്നെ അജിത് കുമാര്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അവധി നീട്ടാനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.

ഇന്നലെ രാത്രി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെയും ക്ലിഫ് ഹൗസില്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. അജിത് കുമാറിന് പകരം എഡിജിപിയായി എച്ച്. വെങ്കിടേഷിനൊപ്പം ആര്‍. ശ്രീജിത്തിന്റെ പേരും മുന്നോട്ട് വന്നിരുന്നു.

എന്നാല്‍ ശ്രീജിത്ത് ഇതിന് തയ്യാറല്ലാത്തതിനാല്‍ വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ചുമതലയേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം എഡിജിപി ആരെയെങ്കിലും കാണുന്നത് പാര്‍ട്ടിയുടെ വിഷയമല്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നും ആവര്‍ത്തിച്ചത്. ബിജെപിയോടുളള സിപിഐഎമ്മിന്റെ സമീപനം എല്ലാവര്‍ക്കും അറിയാമെന്നും വിവാദം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.

തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയും കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി.

കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ആഗ്രഹം. അതിന് എഡിജിപി വഴി മുഖ്യമന്ത്രി നല്‍കിയ ദൂതിന് തങ്ങള്‍ സഹായിക്കാം എന്നായിരുന്നു ബിജെപിയുടെ ഉറപ്പ്. അതിന്റെ തുടര്‍ച്ചയായാണ് തൃശൂര്‍ പൂരം കലക്കിയതും സുരേഷ് ഗോപി വിജയിച്ചതുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.