കൊച്ചി: മൈസ് ടൂറിസത്തിന്റെ മറവില്‍ ബാറുകള്‍ വളര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് മദ്യനയം അപകടകരമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം. മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതു സര്‍ക്കാര്‍ തുടരുന്നത് ബാറുകളുടെ എണ്ണം കൂട്ടുന്ന മദ്യനയം തന്നെയാണ്. മൈസ് ടൂറിസത്തിന്റെ മറവില്‍ കേരളം മുഴുവന്‍ മദ്യം ഒഴുക്കുകയാണ് പുതിയ കമ്മ്യൂണിസ്റ്റ് മദ്യനയം ലക്ഷ്യമിടുന്നതെന്ന് അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു.
ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഇടങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നതായിരിക്കും പുതിയ മദ്യനയം. ടൂറിസം മേഖലയില്‍ ഡ്രൈ ഡേയില്‍ ഇളവിന് ശുപാര്‍ശ ചെയ്യുന്നത് ഭാവിയില്‍ ഡ്രൈ ഡേ എടുത്ത് കളയാനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ കുടിപ്പിക്കാനും കുടിനിര്‍ത്തിക്കാനും ഒരേ 'നയം' കൊണ്ട് വരുന്ന സര്‍ക്കാരായി കേരള സര്‍ക്കാര്‍ മാറിയിരിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ 29 ബാറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എട്ട് വര്‍ഷത്തിനിടെ ഇത് 801 ആയി ഉയര്‍ന്നിരിക്കുകയാണ്. ബാറുടമകള്‍ തമ്മിലുള്ള കിടമത്സരത്തിനും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പണപ്പിരിവിനും വഴിയിടുന്നത് യഥേഷ്ടം ബാറുകള്‍ തുറക്കാന്‍ അനുവദിക്കുന്ന മദ്യനയമാണ്. മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും നയമെങ്കിലും പ്രയോഗത്തില്‍ വിപരീതമാണെന്ന ആക്ഷേപം രണ്ടു പിണറായി സര്‍ക്കാരുകള്‍ക്കും നേരെയുണ്ട്.
സംസ്ഥാനത്ത് മദ്യ ലഭ്യത കൂട്ടുന്ന കാര്യങ്ങളാണ് ഇടതു സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. മദ്യത്തിന്റെ വിപണന സാധ്യതകള്‍ പരമാവധി തുറന്നിട്ടുള്ള പുതിയ മദ്യനയത്തിന് പിന്നില്‍ നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുകയില്ല. എന്നാല്‍ കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം ലഭിക്കും. ഇതെന്ത് നയമാണ് സര്‍ക്കാരേയെന്നാണ് അല്‍മായ ഫോറത്തിന്റെ ചോദ്യം.
ഏത് ഹീനമാര്‍ഗം ഉപയോഗിച്ചും ധന സമ്പാദനം നടത്തുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൊലപാതകവും മയക്കുമരുന്ന് മാഫിയകളും ലഹരിമരുന്ന് ഉപയോഗവും സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുമെന്നതില്‍ തര്‍ക്കമില്ല. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കണം എന്നതാണ് സര്‍ക്കാറിന്റെ പുതിയ കണ്ടുപിടിത്തം. സത്യത്തില്‍ സ്വസ്ഥമായ വിനോദ സഞ്ചാരം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
മദ്യംകൊണ്ടുള്ള സാമ്പത്തിക നേട്ടത്തേക്കാള്‍ അതുണ്ടാക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. യുവാക്കള്‍ കൂടുതല്‍ മദ്യത്തിന് അടിമകളാവുക എന്നത് തന്നെ കഴിവുറ്റ സമൂഹത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഒരു സംസ്ഥാനത്തിന്റെ കാര്യശേഷിയും സമ്പത്തും ലഹരിയുടെ വഴികള്‍ തേടി പോകുമ്പോള്‍ സര്‍ക്കാരിന്റെ മദ്യ ഖജനാവ് നിറയുമെന്നതല്ലാതെ അതുകൊണ്ടുണ്ടാവുന്ന നഷ്ടം സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടം കൊണ്ട് തുലനം ചെയ്യാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനെ സീറോ മലബാര്‍സഭ അല്‍മായ ഫോറം ഓര്‍മ്മിപ്പിക്കുന്നു.
മൈസ് (MICE) എന്നാല്‍ മീറ്റിംഗുകള്‍, പ്രോത്സാഹനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിവയെ സൂചിപ്പിക്കുന്നു. എല്ലാ മേഖലകളില്‍ നിന്നുമുള്ള മികച്ച പ്രൊഫഷണലുകളെ മെച്ചപ്പെട്ട ഹോസ്പിറ്റാലിറ്റിലേയ്ക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും മികച്ച ബിസിനസ്സ് ടൂറിസമാണിത്.